വന്‍ വളര്‍ച്ച നേടണോ? ശാക്തീകരിക്കൂ മനുഷ്യവിഭവശേഷിയെ - Dhanam
തോട്ട്‌സ് അക്കാദമിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും Thinking Beyond the Paradigms എന്ന പുസ്തകത്തിന്റെ രചയിതാവുമായ പ്രവീണ്‍ പരമേശ്വറുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റില്‍ നൂതന പാതകള്‍ വെട്ടിത്തുറക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ പ്രവീണ്‍ പരമേശ്വര്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും സ്ട്രാറ്റജിക് മാനേജ്‌മെന്റില്‍ ഉപരിപഠനവും യു.കെയിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹ്യൂമന്‍ റിസോഴ്‌സില്‍ റാങ്കോടുകൂടി എം.ബി.എയും കരസ്ഥമാക്കിയിട്ടുള്ള പ്രവീണിന് സ്‌കില്‍ ഡെവലപ്‌മെന്റ്, ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ അനേക വര്‍ഷത്തെ പരിചയമുണ്ട്. പഠനത്തിന് ശേഷം 2010ലാണ് ഇദ്ദേഹം തോട്ട്‌സ് അക്കാദമി യു.കെയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒന്നരവര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ച ശേഷം 2012ല്‍ സുഹൃത്തുക്കളായ രാഹുല്‍നായര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരുമായി ചേര്‍ന്ന് തിരുവനന്തപുരത്തെ ഉള്ളൂര്‍ കേന്ദ്രമാക്കി തോട്ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. 2014ല്‍ ദുബായിലെ നോളഡ്ജ് പാര്‍ക്കില്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങുകയും രാഹുല്‍ നായര്‍ അതിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിക്കഴിഞ്ഞ തോട്ട്‌സ് അക്കാദമി സ്ട്രാറ്റജി, ട്രെയ്‌നിംഗ്, കോച്ചിംഗ് എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് ഓര്‍ഗനൈസേഷണല്‍ ഡെവലപ്‌മെന്റ് സാധ്യമാക്കുകയാണ് ചെയ്യുന്നത്.
തോട്ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തന മേഖലകള്‍ ഏതൊക്കെയാണ്?
ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റാണ് ഞങ്ങളുടെ സുപ്രധാന പ്രവര്‍ത്തന മേഖല. വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പ്രോജക്റ്റുകള്‍ തുടങ്ങിയവയ്ക്ക് അര്‍ത്ഥവത്തായ വിജയം കൈവരിക്കാനും അവയെ ലക്ഷ്യത്തിലേക്ക് എത്തിക്കുവാനും ഞങ്ങള്‍ സഹായിക്കുന്നു. മനുഷ്യവിഭവശേഷിയെ ശരിയായി മോള്‍ഡ് ചെയ്‌തെടുക്കുന്നതിലൂടെ ഓര്‍ഗനൈസേഷനുകള്‍ക്ക് മികച്ച വളര്‍ച്ചയും മുന്നേറ്റവും നടത്താന്‍ സാധിക്കും. അതിലേക്കായി ട്രെയ്‌നിംഗ്, കോച്ചിംഗ്, സ്ട്രാറ്റജി എന്നീ മൂന്ന് മാര്‍ഗ്ഗങ്ങളാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.
സംരംഭങ്ങളിലെ മനുഷ്യവിഭവശേഷി വികസനം എത്രമാത്രം നിര്‍ണായകമാണ്?
കേരളത്തിലെ 40 പ്രമുഖ സംരംഭകരെയും കൂടാതെ ചീഫ് എക്‌സിക്യൂട്ടിവ്മാരെയുമൊക്കെ പങ്കെടുപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഒരു സര്‍വ്വേ നടത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ജീവനക്കാര്‍ മോശമാണെന്ന് 51 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ ഫലപ്രദമായ ക്ലയന്റ് മാനേജ്‌മെന്റ് സ്‌കില്‍ അവര്‍ക്കില്ലെന്നായിരുന്നു 48 ശതമാനം പേരുടെയും അഭിപ്രായം. വ്യക്തിഗത പെര്‍ഫോമന്‍സിനെ അപേക്ഷിച്ച് ടീമായുള്ള പ്രകടനത്തില്‍ ജീവനക്കാര്‍ പിന്നോക്കം പോകുന്നുവെന്ന് പത്തില്‍ ആറുപേരും ചൂണ്ടിക്കാട്ടിയപ്പോള്‍ ബിസിനസ് ഡൈനാമിക്‌സിനെക്കുറിച്ച് ജീവനക്കാര്‍ക്ക് യാതൊന്നും അറിയില്ലെന്നായിരുന്നു നാലില്‍ മൂന്നു പേരുടെയും പ്രതികരണം. അതിനാല്‍ ഏതൊരു സംരംഭമാണോ വളര്‍ച്ചയും വിജയവും ആഗ്രഹിക്കുന്നത് അവര്‍ അവരുടെ ജീവനക്കാരെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്.
തോട്ട്‌സ് അക്കാദമിയുടെ പ്രവര്‍ത്തനശൈലി?
ഏറ്റവും ശാസ്ത്രീയമായ 7D എന്നൊരു മോഡല്‍ പിന്തുടര്‍ന്നുകൊണ്ട് ഓരോ സ്ഥാപനത്തിനും ഏറ്റവും അനുയോജ്യമായൊരു സൊലൂഷന്‍ വികസിപ്പിച്ചെടുക്കുയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ആദ്യം മാനേജ്‌മെന്റും ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും കൂടാതെ വലിയൊരു വിഭാഗം ആളുകള്‍ക്ക് ചോദ്യാവലി നല്‍കി ഡാറ്റ ശേഖരിക്കുകയും ചെയ്തു. അതില്‍ നിന്നും കമ്പനിക്കുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി അത് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്യുന്നു. തുടര്‍ന്ന് അവ പരിഹരിക്കുന്നതിനായി ഞങ്ങള്‍ ഒരു പ്രോഗ്രാം രൂപീകരിക്കും. അതിലൂടെ പ്രോഗ്രാമിന്റെ സ്വഭാവം, അതിന്റെ ഉള്ളടക്കം, പങ്കെടുക്കേണ്ട ജീവനക്കാര്‍, കാലയളവ് എന്നിവയൊക്കെ തീരുമാനിച്ച ശേഷം അതിലേക്കായുള്ള പ്രത്യേക കണ്ടന്റ് വികസിപ്പിക്കും. പുറമെ നിന്നുള്ള ഉദാഹരണങ്ങളെക്കാള്‍ ആ കമ്പനിയുടെ തന്നെ മെറ്റീരിയലുകളായിരിക്കും ഞങ്ങള്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് ലഭിച്ച അറിവ് കമ്പനിയില്‍ നടപ്പാക്കുന്നതിനുള്ള പിന്തുണയും ഞങ്ങള്‍ നല്‍കുന്നതാണ്. കൂടാതെ നിശ്ഛിത ഇടവേളകളില്‍ വീണ്ടും ഡാറ്റാ കളക്ഷന്‍ നടത്തി പ്രശ്‌നങ്ങള്‍ എത്രമാത്രം പരിഹരിക്കപ്പെട്ടുവെന്നതും ഞങ്ങള്‍ പരിശോധിക്കും.
ഏതു മേഖലയിലെ ജീവനക്കാരാണ് നിങ്ങളുടെ ഫോക്കസ്?
ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റില്‍ Download Filtration എന്നൊരു രീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത്. വികസനം മുകളിലത്തെ തട്ടില്‍നിന്നും തുടങ്ങിയശേഷം അത് താഴെതട്ടിലേക്ക് എത്തണമെന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
പ്രോഗ്രാമിന്റെ ദൈര്‍ഘ്യം?
സാധാരണയായി രണ്ടു മാസം മുതല്‍ രണ്ടു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്നതായിരിക്കും ഓരോ പ്രോഗ്രാമും. ഇത് സ്ഥാപനത്തിന്റെ ആവശ്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
മറ്റു മനുഷ്യവിഭവശേഷി വികസന പരിപാടികളില്‍ നിന്നും നിങ്ങള്‍ക്കുള്ള വ്യത്യാസമെന്താണ്?
മനുഷ്യ വിഭവശേഷി വികസനമെന്നാല്‍ ട്രെയിനിംഗ് മാത്രമാണ് എന്നതാണ് പൊതുധാരണ. എന്നാല്‍ പൊതുവായ കണ്ടന്റുകളില്‍ അധിഷ്ഠിതമായ ഇത്തരം പരിപാടികള്‍ സ്ഥായിയായ വികസനം ഉറപ്പിക്കുന്നില്ലെന്നു കാലം തെളിയിച്ചു കഴിഞ്ഞു.
മനുഷ്യ വിഭവശേഷി വികസന പദ്ധതികളെ റി-ഡിഫൈന്‍ ചെയ്യുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഓരോ സ്ഥാപനത്തിനും അനുസരിച്ചുള്ള ട്രെയ്നിംഗ്, മേല്‍ത്തട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് കോച്ചിംഗ്, വികസനം സസ്‌റ്റൈന്‍ ചെയ്യുവാനായുള്ള സ്ട്രാറ്റജി എന്നിവയിലൂടെ തികച്ചും ഹോളിസ്റ്റിക് ആയ സമീപനത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് താങ്കള്‍ കൈവരിച്ച നേട്ടങ്ങള്‍?
കേരളത്തിലെ ഏറ്റവും വലിയ ഐ.റ്റി കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍, ഏറ്റവും വലിയ മാനുഫാക്ചറിംഗ് കമ്പനിയായ ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ്, ഏറ്റവും വലിയ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റായ ASAP, ഏറ്റവും വലിയ സാമൂഹിക വികസന പദ്ധതിയായ കുടുംബശ്രീ, ഏറ്റവും വലിയ സാമൂഹിക ഐ.റ്റി വികസന പദ്ധതിയായ അക്ഷയ തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രധാന നേട്ടം. ഈയൊരു നേട്ടം കേരളത്തിലെ മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാനാകില്ല. മനുഷ്യവിഭവശേഷി വികസനത്തില്‍ ഞങ്ങളുടെ തനതായൊരു മാതൃക വികസിപ്പിച്ചെടുക്കാന്‍ സാധിച്ചുവെന്നതും മറ്റൊരു പ്രധാന നേട്ടമാണ്. പുതുതായി രൂപപ്പെടുന്ന എച്ച്.ആര്‍.ഡി സ്ഥാപനങ്ങള്‍ ഞങ്ങളുടെ സിസ്റ്റം പിന്തുടരുന്നുവെന്നതും സ്വാഗതാര്‍ഹമാണ്.
ഈ മേഖലയില്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്താണ്?
വികസനത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങള്‍ ഉണ്ടെങ്കിലും അവയെയെല്ലാം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിഞ്ഞുവെന്ന് വരില്ല. ഉദാഹരണത്തിന്, മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന പല മാറ്റങ്ങളും നമ്മുടെ സ്‌കോപ്പിനു പുറത്തായിരിക്കും. അതുപോലെതന്നെ ചില വലിയ സ്ഥാപനങ്ങളില്‍ എല്ലാ ഡിപ്പാര്‍ട്‌മെന്റ്കളിലെ അംഗങ്ങളെയും നമുക്ക് അഡ്രസ് ചെയ്യാന്‍ കഴിഞ്ഞുവെന്ന് വരില്ല. ചില വകുപ്പുകളില്‍ മാത്രമാകും നമ്മള്‍ ഇടപെടുക. ഇതും നമ്മുടെ പ്രോഗ്രാമിന്റെ ഫലത്തെ ബാധിച്ചേക്കാം. മറ്റൊന്ന്, ഞങ്ങള്‍ ഇടപെടുന്നതു വിവിധ മേഖലകളിലെ പല നിലവാരത്തില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളുമായിട്ടാണ്. ഇന്ന് ജൂവല്‍റി എങ്കില്‍ നാളെ ഐ.റ്റി കമ്പനി അതല്ലെങ്കില്‍ നിര്‍മാണ മേഖലയിലെ ഒരു അതികായന്‍. അതിനാല്‍ എല്ലാ മേഖലയിലെയും മാറ്റങ്ങള്‍, വികസനം തുടങ്ങിയവ ഒരേസമയം നിരീക്ഷിച്ചുകൊണ്ടേ ഇരിക്കണം. ഒരു വശത്തു വെല്ലുവിളിയാണെങ്കില്‍, ഇത് തന്നെയാണ് ഈ പ്രൊഫഷന്റെ ത്രില്ലും.
ലക്ഷ്യം?
ആഗോളതലത്തില്‍ മത്സരിക്കാന്‍ കേരളത്തിലെ എല്ലാത്തരം സംരംഭങ്ങളെയും സജ്ജരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.